മുഖ്യമന്ത്രി ഇടപെട്ടു: സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര സഹായവുമായി നോര്‍ക്ക

തൊഴില്‍ നഷ്ടപ്പെട്ട് സൌദി അറേബ്യയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികള്‍ കേരള നോര്‍ക്കാ വകുപ്പ് സ്വീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ സൌദിയില്‍ കഷ്ടപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്കാ റൂട്ട്സിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. തൊഴില്‍ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്ഥാന സൌകര്യം ഉറപ്പാക്കാന്‍ സൌദിയിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക വകുപ്പ്, ന്യൂഡല്‍ഹി റസിഡന്‍സ് കമ്മീഷണര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് ആവശ്യമായ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലെ ക്യാമ്പുകളില്‍ കഴിയുന്ന വ്യക്തികള്‍, ക്യാമ്പ് സന്ദര്‍ശിച്ച മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക വകുപ്പ് സെക്രട്ടറി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാല് ദിവസത്തേക്കുളള ഭക്ഷണം ക്യാമ്പുകളില്‍ ലഭ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മടങ്ങാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക രണ്ട് ദിവസത്തിനകം ഇമെയിലില്‍ ലഭ്യമാക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് നടപടി എടുത്തിട്ടുണ്ട്.ലബനന്‍ വംശജനായ സാദ് ഹരീനി എന്നയാളുടെ ഉടമസ്ഥതയിലുള്ള സൌദി ഓഗര്‍ എന്ന കമ്പനി അടച്ചു പൂട്ടിയതാണ് തൊഴില്‍ നഷ്ടത്തിന് കാരണമായത്. അഞ്ച് ക്യാമ്പുകളിലായി ഏകദേശം 700ഓളം മലയാളികള്‍ ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 5,000ത്തോളം പേര്‍ ഇന്ത്യാക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം മലയാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇക്കാമ) കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധികള്‍ നേരിടുമ്പോഴും കുറച്ചു തൊഴിലാളികള്‍ കമ്പനിയില്‍ നിന്നുള്ള ആനുകൂല്യം ലഭ്യമായ ശേഷം മടങ്ങാനാണ് ആഗ്രഹിക്കുന്നത്.

സോജക്ട്സ്, ഹൈവേ, റോഹാലി, മദീന, റിയാദ്എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. സൌദി സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും ഏറ്റെടുത്ത് നടത്തിയിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. ഇതില്‍ നിര്‍മ്മാണ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു. അറ്റകുറ്റ വിഭാഗത്തില്‍ നാമമാത്രമായ പ്രവര്‍ത്തനം സൌദി സര്‍ക്കാര്‍ നേരിട്ട് ചെയ്യിക്കുന്നുണ്ട്. തുച്ഛമായ പ്രതിഫലമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ വക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതാണ് തൊഴില്‍ നഷ്ടത്തിന് കാരണമായത്. ഏറെപേര്‍ക്കും കഴിഞ്ഞ ഏഴ് മാസത്തോളമായി ശമ്പളം ലഭിച്ചിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *