ന്യൂഡല്‍ഹി: മൂന്നിടത്ത് കോണ്‍ഗ്രസ് ഭരണം ഉറപ്പായതോടെ രാഷ്ട്രീയ നീക്കങ്ങളും സജീവമായി. കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. നേതാക്കളുടെ ബാഹുല്യമാണ് പാര്‍ട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രശ്നം. ഭരണം വന്നാല്‍ കമല്‍നാഥോ ജ്യോതിരാധിത്യസിന്ധ്യയോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഎസ്പി പിന്തുണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂട്ടാകും.
രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു അശോക് ഗെലോട്ടിന്റെ പ്രതികരണം. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന് പൈലറ്റും പ്രതികരിച്ചു. രാഹുലിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ.സി.വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ചേരും.

1993നു ശേഷം രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടു തന്നെ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ നേരിട്ടത് അഗ്നിപരീക്ഷയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജസ്ഥാനില്‍ വന്‍ ജനപങ്കാളിത്തമാണ് ബിജെപിയുടെ പര്യടനങ്ങള്‍ക്ക് ലഭിച്ചത്. മോദിയും അമിത് ഷായും താരപ്രചാരകരായിരുന്നു. പക്ഷേ, വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ് ഫലസൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ഉം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്‍പതും പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു.













