തിരുവനന്തപുരം: പ്രതിസന്ധികളും പ്രശ്നങ്ങളുമായി അടിമുടി വിവാദച്ചൂടില്‍ നില്ക്കുന്ന സിപിഎം ഇടതുസര്‍ക്കാരിന്റെ മുഖം മിനുക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നു. മന്ത്രിസഭയില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരെ നീക്കി പകരം പുതിയ ആള്‍ക്കാരെ കൊണ്ടുവന്നും പാര്‍ട്ടി ചുമതലകളിലേക്ക് പുതുമുഖങ്ങളെ പരിഗണിച്ചുമെല്ലാം സമ്ബൂര്ണ്ണമാറ്റത്തിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 22 ന് നടക്കുന്ന തൃശൂര്‍ സമ്മേളനത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുകയാണ്.
മോശം പ്രകടനം നടത്തുന്നതായി വിലയിരുത്തുന്ന മന്ത്രിമാരെല്ലാം മാറിയേക്കും. സി രവീന്ദ്രനാഥ്, മേഴ്സിക്കുട്ടിയമ്മ, എംഎം മണി, എസി മൊയ്തീന്, ടി പി രാമകൃഷ്ണന് എന്നിവരെ നീക്കി പകരം പുതിയവരെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സുരേഷ്കുറുപ്പും പ്രദീപ് കുമാറും സര്‍ക്കാരില്‍ പുതിയ ചുമതലകളിലേക്ക് നിയോഗിതരായേക്കുമെന്നാണ് വിവരം. ധനമന്ത്രി തോമസ് ഐസക്കിന് ആലപ്പുഴയില്‍ ലോക്സഭാ സീറ്റ് നല്കി ഒതുക്കാനും ശ്രമം നടക്കുന്നതായി വിവരമുണ്ട്. മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലല്ലാത്ത തോമസ് ഐസക്ക് കേന്ദ്രക്കമ്മറ്റി അംഗമാണെന്നതിനാല്‍ മാറ്റി നിര്‍ത്തുക എളുപ്പമല്ലാത്തതിനാലാണ് ലോക്സഭാ ചുമതല നല്കി അക്കാര്യം പരിഹരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ട ജില്ലാസമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ പുന:സംഘടന വരുന്നത്. പ്രഖ്യാപനങ്ങളല്ലാതെ പലതും നടപ്പാകുന്നില്ല. മുന്‍ഗണനാ പട്ടികയില്‍ പെട്ട പദ്ധതികളുടെ നടത്തിപ്പില്‍ പോലും പിഴവ് വരുന്നു. മന്ത്രിമാര്‍ വിവാദങ്ങളില്‍ ചെന്നു ചാടുന്നു. നയരൂപീകരണത്തിനും നടത്തിപ്പിലും വഹിച്ച പഴയ പങ്ക് ഇപ്പോള്‍ ഉണ്ടോയെന്ന് സംശയം. പ്രതിപക്ഷത്തിനെതിരേ തുടങ്ങിവെച്ച കേസുകള്‍ മുമ്ബോട്ട് കൊണ്ടുപോകാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു തുടങ്ങി അനേകം വിമര്‍ശനങ്ങളാണ് ജില്ലാ സമ്മേളനങ്ങളില്‍ നേരിടേണ്ടി വന്നത്.
ജില്ലാ സമ്മേളനങ്ങളുടെ വിലയിരുത്തലില്‍ വ്യാപക മാറ്റം പ്രതീക്ഷിക്കപ്പെടാവുന്ന സിപിഎമ്മില്‍ എ കെ ബാലന്റെ കാര്യത്തിലുള്ള തീരുമാനമാണ് സുപ്രധാനം. എ കെ ബാലനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി ഇടതു കണ്‍വീനറാക്കുമെന്ന് ശ്രുതിയുണ്ട്. പ്രതിച്ഛായാ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുന്ന കോടിയേരിയുടെ സ്ഥാനത്തേക്ക് എ കെ ബാലനെ പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ഇത് നടക്കാതെ വന്നാല്‍ ആരോഗ്യം മോശമായിരിക്കുന്ന വൈക്കം വിശ്വന്റെ സ്ഥാനത്തു നിയോഗിച്ചേക്കുമെന്നും ശ്രുതിയുണ്ട്. സിപിഎമ്മിലെ സീനിയര്‍ നേതാക്കളില്‍ ഒരാളയ എ കെ ബാലനെ കോടിയേരിയെ വിഷമിപ്പിക്കാതെ പുതിയ ഉത്തരവാദിത്വം നല്‍കുകയാണ് പിണറായി വിജയന് ആലോചിക്കുക.
ഇതിനൊപ്പം സിപിഐ യെ തഴഞ്ഞ് കേരളാകോണ്‍ഗ്രസ് എമ്മിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകളും 37 വര്‍ഷത്തിന് ശേഷം വേദിയാകുന്ന തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. ഓഖിയേക്കാള്‍ വലിയ ദുരന്തം എന്നായിരുന്നു എറണാകുളം ജില്ലാ സമ്മേളനത്തില്‍ സിപിഐ യെക്കുറിച്ച് ഉയര്‍ന്ന കമന്റ്. സിപിഐ യെ തള്ളിക്കൊണ്ട് കേരളാകോണ്‍ഗ്രസിനെ ഒപ്പം കൂട്ടണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ക്ക് ഇടയില്‍ ശക്തമാണ് താനും. ഇതിനൊപ്പം മുസ്ളീം ലീഗിനെ കൂടി ഇടതുപക്ഷത്ത് എത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കന്മാര് പോലും ഏറെയാണ്.













