മുംബൈ സ്‌ഫോടനക്കേസ്: താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ


1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ.
അധോലോക നായകന്‍ അബുസലിമിനും കരീമുല്ലാ ഖാനും ജീവപര്യന്തം. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയുടേതാണ് വിധി. ഇരുവരും രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.


മറ്റൊരു പ്രതി റിയാസ് സിദ്ധിഖിക്ക് പത്തു വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്.


ഇന്ത്യയില്‍ നിന്ന് ചെറുപ്പക്കാരെ ആയുധ പരിശീലനത്തിനായി പാകിസ്താനിലേക്കയച്ചു എന്നതാണ് താഹിറിനെതിരായ കുറ്റം. സ്‌ഫോടനത്തിനുള്ള ആയുധങ്ങള്‍ എത്തിച്ചതും അതിനു ശേഷം തെളിവുകള്‍ നശിപ്പിച്ചതും ഫിറോസ്ഖാനെതിരായ കുറ്റത്തില്‍ ഉള്‍പെടുന്നു.

കേസില്‍ അധോലോക നായകന്‍ അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. മുസ്തഫ ദോസെ, കരീമുല്ലാ ഖാന്‍, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവരാണ് മറ്റുള്ളവര്‍. കുറ്റക്കാരനെന്ന് വിധി വന്ന് ദിവസങ്ങള്‍ക്കകം മുസ്തഫ ദോസെ മരിച്ചിരുന്നു.

മുംബൈയില്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും, ടൈഗര്‍ മേമനുമടങ്ങുന്ന സംഘത്തിനെ സഹായിക്കാന്‍ ആയുധം വിതരണംചെയ്തു, കേസില്‍ പ്രതിയായിരുന്ന സഞ്ജയ് ദത്തിന് ആയുധം എത്തിച്ചുനല്‍കി തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരായ കേസ്. മുസ്തഫ ദോസെ അയച്ച ആയുധങ്ങള്‍ അബുസലിം വഴിയാണ് മുംബൈയിലെത്തിച്ചത്. കേസിന്റെ മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമനെ രണ്ടു വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.

1993 മാര്‍ച്ച് 12 നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. 2007ല്‍ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോള്‍ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടിരുന്നു.



Sharing is Caring