മുംബൈ നഗരത്തിലും പരിസരപ്രദേശത്തും തുടരുന്ന കനത്തമഴ ജനജീവിതം താറുമാറാക്കി. റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ മുടങ്ങി. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്കി.
കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലും നവി മുംബൈ, താനെ എന്നിവിടങ്ങളിലും തിങ്ക ളാഴ്ച രാത്രി മുതൽ മഴ തുടരുകയാണ്. സബർബൻ ട്രെയിൻ ഗതാഗതം പൂർണമായും മുടങ്ങി. അടുത്ത 48 മണിക്കൂറിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ തീരങ്ങളിൽ കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. വെള്ളക്കെട്ടിനെത്തുടർന്ന് നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പാളം തകർന്ന് നാഗ്പുർ-മുംബൈ തുരന്തോ എക്സ്പ്രസിന്റെ ഒന്‍പതു കോച്ചുകൾ പാളം തെറ്റി.12 പേർക്കു പരിക്കേറ്റു. വസിന്ദ്, അസാൻഗാവ് സ്റ്റേഷനുകൾക്കിടയിലാണു ട്രെയിൻ പാളം തെറ്റിയത്. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്നു പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിലാണു ട്രെയിൻ പാളം തെറ്റിയത്. ഡ്രൈവറുടെ മനഃസാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. ആകെ 18 കോച്ചുകളാണു ട്രെയിനിനുണ്ടായിരുന്നത്













