മീ ടൂ വെളിപ്പെടുത്തല്‍: കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദമേറി , അക‌്ബര്‍ പുറത്തേക്ക‌്

ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളുടെ പശ‌്ചാത്തലത്തില്‍ വിദേശ സഹമന്ത്രി എം ജെ അക‌്ബര്‍ രാജിവയ‌്ക്കണമെന്ന ആവശ്യം ശക്തമായി. നൈജീരിയയിലുള്ള അക‌്ബര്‍ ഞായറാഴ‌്ച മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കുമെന്നാണ‌് സൂചന. ‘മീ ടൂ’ വെളിപ്പെടുത്തലില്‍ നില പരുങ്ങലിലായി നരേന്ദ്ര മോഡി മന്ത്രിസഭയില്‍നിന്ന‌് പുറത്താകുന്ന ആദ്യമന്ത്രിയാകും അക‌്ബര്‍.

ന്യൂ ഏജ‌് പത്രത്തിന്റെ എഡിറ്ററായിരിക്കെ അക‌്ബര്‍ ഓഫീസ‌് മുറിയില്‍വച്ച‌് ലൈംഗികാതിക്രമത്തിന‌് ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തലാണ‌് മുന്‍ സഹപ്രവര്‍ത്തക ഗസല വഹാബ‌് നടത്തിയത‌്. പിന്നാലെ ഏഴ‌് വനിതാ മാധ്യമപ്രവര്‍ത്തകര്‍കൂടി രംഗത്തുവന്നതോടെ നടപടിക്ക‌് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദമേറി. മന്ത്രി തിരിച്ചെത്തിയശേഷം വിശദീകരണം തേടുമെന്നും മാന്യമായി പുറത്തുപോകാന്‍ അവസരം നല്‍കുമെന്നുമാണ‌് ബിജെപി വൃത്തങ്ങള്‍ പറയുന്നത‌്. പ്രതിപക്ഷകക്ഷികളും മാധ്യമപ്രവര്‍ത്തകരും രാജി ആവശ്യം ഉന്നയിച്ചതോടെ ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിരോധത്തിലാണ‌്.ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും പ്രതികരിക്കാന്‍ വിദേശമന്ത്രി സുഷ‌്മ സ്വരാജ‌് തയ്യാറായിട്ടില്ല. പരസ്യപ്രതികരണം വേണ്ടെന്നാണ‌് ബിജെപി നിര്‍ദേശം. സ‌്ത്രീസുരക്ഷ പ്രചാരണായുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൗനത്തിലാണ‌്.

അഭിമുഖത്തിനെത്തിയ തന്നോട‌് അക‌്ബര്‍ മോശമായി പെരുമാറിയെന്ന പ്രിയാരമണിയുടെ വെളിപ്പെടുത്തലോടെയാണ‌് നിരവധി പേര്‍ രംഗത്തുവന്നത‌്. ശാരീരികാതിക്രമമുണ്ടായെന്ന ഗസല വഹാബ‌ിന്റെ വെളിപ്പെടുത്തല്‍ അന്നത്തെ ബ്യൂറോചീഫ‌് സീമ മുസ‌്തഫയും ശരിവച്ച‌ു.

അക‌്ബര്‍ രാജിവയ‌്ക്കണം: സിപിഐ എം

ന്യൂഡല്‍ഹി
ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിദേശസഹമന്ത്രി എം ജെ അക‌്ബര്‍ രാജിവയ‌്ക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു. ഏഴ‌് വനിതാ മാധ്യമപ്രവര്‍ത്തകരാണ‌് അക‌്ബറില്‍നിന്ന‌് ലൈം‌ഗികാതിക്രമം നേരിടേണ്ടിവന്നതായി പരാതിപ്പെട്ടിരിക്കുന്നത‌്. അക‌്ബറിന‌്‌ മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കയാണെന്ന‌് പിബി പ്രസ‌്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *