തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ‘മീ ടു’ ക്യാപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നുന്നതായി വെളിപ്പെടുത്തല്‍. ‘മീ ടു’ വെളിപ്പെടുത്തലിനു ശേഷം തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞു. ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്‍മയിയുടെ വെളിപ്പെടുത്തല്‍.
‘മീ ടു’ ക്യാംപെയ്‌നിലൂടെ ലൈംഗീകാരോപണം ഉന്നയിക്കുന്നതിനു മുമ്ബുള്ള സമയത്ത് ദിവസേന മൂന്ന് ഗാനങ്ങള്‍ വരെ സിനിമയ്ക്ക് വേണ്ടി ആലപിച്ചിരുന്നു. ഒട്ടേറെ സിനിമകള്‍ക്ക് ഡബ്ബും ചെയ്തിരുന്നു. എന്നാല്‍ ‘മീ ടു’ വെളിപ്പെടുത്തലിന് ശേഷം ജീവിതത്തില്‍ ഒരു നിശബ്ദ അവസ്ഥയാണ്. ഒരു മാസത്തില്‍ തമിഴില്‍ മാത്രം 10-15 ഗാനങ്ങള്‍ ആലപിച്ചിരുന്നിടത്ത് ഇപ്പോള്‍ 5 ഗാനങ്ങള്‍ക്കുള്ള അവസരങ്ങള്‍ മാത്രമെ എന്നെ തേടിയെത്തുന്നുള്ളു. ഇതിനിടയില്‍ ഡബ്ബിങ് യൂണിയന്‍ നിന്നും എന്നെ പുറത്താക്കി. അതോടൊപ്പം ഡബ്ബിങ്ങിനു വേണ്ടി കരാറുറപ്പിച്ചിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റുകയും ചെയ്തു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. – ചിന്‍മയി പറഞ്ഞു. സമാനമായ അവസ്ഥ കേരളത്തില്‍ ഡബ്ലിയുസിസി യിലൂടെ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്കുമുണ്ടായി. തെലുങ്കിലും ഇതേ സ്ഥിതിയുണ്ട്.

സ്വിറ്റ്‌സര്‍ലന്റില്‍ വെച്ച് ഒരു പരിപാടിക്ക് ശേഷം വൈരമുത്തുമായി സഹകരിക്കാന്‍ പരിപാടിയുടെ സംഘാടകന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിന്‍മയിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയായിരുന്നു ചിന്മയി ഈ വിവരം പുറംലോകത്തെ അറിയിച്ചത്. അദ്യ ദിനത്തില്‍ ആരുടേയും പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം പേരു സഹിതം വെളിപ്പെടുത്തുകയായിരുന്നു. ചിന്‍മയിയെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു.












