കയ്യുംകെട്ടി നോക്കിനിന്നാലും, ഭരണവിരുദ്ധതരംഗത്തില്‍ പാട്ടുംപാടി ജയിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് രാജസ്ഥാനില്‍ യു പി ആവര്‍ത്തിക്കുമെന്ന് സംശയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്തി കേന്ദ്ര ഭരണം വീണ്ടും പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി.
ബിജെപിയുടെ ജയം അസംഭവ്യം എന്നു തിരഞ്ഞെടുപ്പു സര്‍വേകള്‍ പറഞ്ഞെങ്കിലും അത്തരമൊരു നേട്ടത്തിനുള്ള ശ്രമത്തിലാണു ബിജെപി. ആര്‍എസ്‌എസുമായുള്ള ഭിന്നതകള്‍ പറഞ്ഞുതീര്‍ത്തതും അവര്‍ തിരഞ്ഞെടുപ്പില്‍ പൂര്‍ണതോതില്‍ സജീവമാകാന്‍ തീരുമാനിച്ചതുമില്ല കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ ഭരണത്തിനെതിരായ വികാരം അതിശക്തമാണെങ്കിലും ഭരണ വിരുദ്ധതയെ മറികടക്കാനാണ് അമിത് ഷായുടെ തന്ത്രം.

പടലപിണക്കങ്ങള്‍ മാറ്റിവച്ചു സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മേല്‍ക്കോയ്മ അംഗീകരിച്ചു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും വിജയ സാധ്യതക്ക് കാരണമായി. . നേരത്തേ, ഉപതിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്‌എസ് വിട്ടുനിന്നതോടെ പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുകയെന്ന അപ്രഖ്യാപിത ലക്ഷ്യമായിരുന്നു ആര്‍ എസ് എസിന്റേത്.
സംസ്ഥാനത്തു പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്നതായ വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുമായി പലവട്ടം ചര്‍ച്ച നടത്തി. തുടര്‍ന്ന്, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ പ്രവര്‍ത്തിക്കണമെന്ന് അണികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
താര പ്രചാരകനാകാന്‍ യോഗി ആദിത്യനാഥ്
രാജസ്ഥാനിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാല്‍ പ്രചാരണം കൂടുതല്‍ തീവ്രവും വികാരപരവുമാക്കാനുള്ള ശ്രമത്തിലാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെക്കാള്‍ കൂടുതല്‍ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുന്നതു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രചാരണം തിളച്ചുമറിയാന്‍ ഈ തന്ത്രം സഹായിക്കുന്നുണ്ട്.
രാമഭക്തര്‍ ബിജെപിക്കു വോട്ട് ചെയ്യാന്‍ ആദിത്യനാഥ് ആധ്വാനം ചെയ്തു കഴിഞ്ഞു. ബിജെപി നേതൃനിരയിലെ മോദി കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നേതാവാണ് യോഗി.രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറെയായെങ്കിലും യോഗിയുടെ തിരക്കുകള്‍ കാരണം നടന്നിരുന്നില്ല.ഒടുവില്‍ പങ്കെടുക്കുന്ന ആറു റാലികളില്‍ ആദ്യ രണ്ടുദിനങ്ങളിലെ റാലികള്‍ തീരുമാനിച്ചിരിക്കുന്നു.
യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലിം മതവിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ 16 മണ്ഡലങ്ങളുണ്ട്. പതിനഞ്ചിലും കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നു. ഇതെല്ലാം ബിജെപി ചര്‍ച്ചയാക്കുന്നുണ്ട്. ഈ 16 മണ്ഡലങ്ങളിലായി മല്‍സരിക്കുന്ന 382 പേരില്‍ 125 പേരും മുസ്ലിംകള്‍ ആണെന്നതു കോണ്‍ഗ്രസിനു തലവേദനയാണ്.
1998 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തന്നെ രാജസ്ഥാന്‍ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. ബിജെപിക്കുവേണ്ടി മോദിയും അമിത് ഷായും ആദിത്യനാഥുമൊക്കെ പ്രചാരണത്തിനിറങ്ങുമ്ബോള്‍ കോണ്‍ഗ്രസിനുവേണ്ടി രാഹുല്‍ ഗാന്ധി മാത്രമാണ് പ്രചാരകന്‍.













