ന്യൂഡല്‍ഹി: മിസോറാമില്‍ 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ പിഴയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ആദ്യ മണിക്കൂറുകള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡാണ് മിസോനാഷ്ണല്‍ ഫ്രണ്ടിന്.
ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസും, എംഎന്‍എഫും 40 സീറ്റുകളിലും, ബിജെപി 39 സീറ്റിലും ജനവിധി തേടുന്നുണ്ട്.

മിസോറാമിലല്‍ ഇതുവരെ സാന്നിധ്യം അറിയിക്കാതിരുന്ന ബിജെപിയ്ക്ക് എംഎന്‍ഫിന്റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്‌നം സഫലമാകും. ബിജെപി- എംഎന്‍എഫ് സംഖ്യം അധികാരത്തിലേറും.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാല്‍സിര്‍ലിയാന,ലാല്‍റിന്‍ലിയാന സെയ്‌ലോ എന്നീ നേതാക്കന്‍മാരെ എംഎന്‍എഫ് പാളയത്തിലേക്ക് എത്തിച്ചു.













