ഗുവാഹാട്ടി: മിസോറമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി.

എംഎന്‍എഫുമായി ചേര്‍ന്ന് ഭരണം പിടിക്കാനാണ് ബിജെപി ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിജെപിയും എംഎന്‍എഫും ചേര്‍ന്ന് 13 സീറ്റുകള്‍ നേടിയത് മിസോറമില്‍ ബിജെപിയുടെ കുതിപ്പിന്റെ നാന്ദിയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ എംഎന്‍എഫിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനായിരുന്നു ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. അങ്ങനെയാണ് ബിജെപി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടത്. കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്ബടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി.ഇത്തരമൊരു സഖ്യം ഞെട്ടിച്ചെന്നാണ് ബിജെപി നേതാവ് ഐസ്‌വാള്‍ പ്രതികരിച്ചത്. തങ്ങളുടെ പ്രതിനിധികളെ കോണ്‍ഗ്രസ് സ്വാധീനിച്ചതായും അദ്ദേഹം ആരോപിച്ചു.














