മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ വീണ തൈക്കണ്ടിയിലിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.


ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍കക്ഷികള്‍.സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ തീരുമാനമെടുക്കും. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി.


എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയയ്ക്കാനാണ് ഇഡിയുടെ നീക്കം. എസ്എഫ്‌ഐഒ സമര്‍പിച്ച കുറ്റപത്രം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ഫയലില്‍ സ്വീകരിച്ചത്.



Sharing is Caring