മാര്‍ത്താണ്ഡം കായല്‍കയ്യേറ്റം: സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തില്‍ ഹൈക്കോടതി ഇടപെടല്‍. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അറിയിക്കണം. ഇക്കാര്യം മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്നും മണ്ണിട്ട് നികത്തിയിട്ടുണ്ടോ എന്നും വിശദമായ മറുപടി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്നും പത്ത് ദിവസത്തിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു.

മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയടക്കം കൈയേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി വരുന്നത് മേയ് 24നാണ്. കൈനകരി വടക്ക് പഞ്ചായത്തംഗം ബി.കെ.വിനോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫിസര്‍ മാര്‍ത്താണ്ഡം കായലിലെത്തി വസ്തുതകള്‍ അന്വേഷിച്ചത്.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലുള്ള ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ വില്ലേജ് ഓഫിസര്‍ക്ക് ബോധ്യമായി. നിലം നികത്തല്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോയും നല്‍കി. സ്റ്റോപ്പ് മെമ്മോ മാത്രമല്ല അടിയന്തരമായി സര്‍വേയറെ ഉപയോഗിച്ച് അളന്ന് ഭൂമി തിട്ടപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം നടത്തുകയാണ് തോമസ്ചാണ്ടിയുടെ കമ്പനിയുടെ ലക്ഷ്യമെന്നും വില്ലേജ് ഓഫിസര്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *