അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രക്കില്‍ ആശുപത്രിയിലെത്തിച്ച കര്‍ണാടക പോലീസിന്റെ നടപടി വിവാദമായി. മൗനിഷ് പോത്രജ് (28) എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹമാണ് മാലിന്യ വണ്ടിയില്‍ ആശുപത്രിയിലെത്തിച്ചത്.
ഗാഡഗില്‍ ഞായറാഴ്ച്ചയാണ് ബൈക്ക് മരത്തിലിടിച്ച് മൗനിഷ് മരിച്ചത്. തലച്ചോറിന് സാരമായി പരിക്കേറ്റ മൗനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മുനിസിപ്പാലിറ്റിയുടെ മാലിന്യവണ്ടിയില്‍ കയറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്കെത്തിച്ചു. മറ്റ് വാഹനങ്ങള്‍ കിട്ടാഞ്ഞതിനെത്തുടര്‍ന്നാണ് അങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകാന്‍ ജീവനക്കാര്‍ മടിച്ചു. മാലിന്യവണ്ടിയില്‍ കൊണ്ടുവന്നതിനാല്‍ മൃതദേഹത്തില്‍ തൊടാന്‍ പോലും ജീവനക്കാര്‍ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. മൃതദേഹം ട്രക്കില്‍ കയറ്റി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് എഡിജിപിയോട് ഉത്തരവിട്ടു.













