തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എം.മാണി പങ്കെടുക്കുന്ന സെമിനാറില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കില്ല. കെ.എം.മാണിയെ ഇടതു മുന്നണിയിലേക്ക് എടുക്കുന്ന കാര്യം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആലോചിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഎസ് സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി പങ്കെടുക്കുന്ന സെമിനാറില്‍ നിന്നുമുള്ള പിന്മാറ്റം.
കേരളം, ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലെ സെമിനാറിലാണ് കെ.എം.മാണിയും, കേരള കോണ്‍ഗ്രസിന്റെ വരവിനെ എതിര്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുക്കുന്നത്. മുന്നണി ബന്ധത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ കാനവും മാണിയും വിമര്‍ശനങ്ങളുമായി നേര്‍ക്കുനേര്‍ രംഗത്തെത്തിയിരുന്നു. മാണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എല്‍ഡിഎഫില്‍ മാണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സിപിഐ ഉണ്ടാകില്ലെന്നും നേരത്തെ തന്നെ കാനം വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം വിതരണം ചെയ്ത കാര്യപരിപാടിയില്‍ അധ്യക്ഷ സ്ഥാനത്ത് വിഎസിന്റെ പേരായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഉദ്ഘാടന പരിപാടിക്കിടെ വിതരണം ചെയ്ത കാര്യപരിപാടിയുടെ നോട്ടീസില്‍ വിഎസിന്റെ പേരില്ല. സംസ്ഥാന നേതൃത്വം കെഎം മാണിയോട് മൃദുസമീപനം സ്വീകരിക്കുന്നതിനിടയിലാണ് വീണ്ടും വ്യത്യസ്ത നിലപാടുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന നവലിബറല്‍ നയങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാറിലാണ് വിഎസ് അദ്ധ്യക്ഷനാകുന്നത്.













