ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്ത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു . സ്ഥലസയന പെരുമാള്‍ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത് .
ഗംഗായികൊണ്ടന്‍ മണ്ഡപത്തിന്റെ തൂണുകള്‍ക്ക് മുകളിലായുള്ള ഗ്രാനൈറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു . നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം നാളുകളായി നിലനില്‍ക്കുന്നതാണ്.

ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്റോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് . ആഘോഷ സമയത്ത് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത് . അപകടത്തില്‍ ആര്‍ക്കും പരുക്കില്ല . മാമല്ലപുരം എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രദേശം മോദി-ഷീ ജിന്‍പിങ് ഉച്ചകോടിയിലൂടെയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് .













