മല്ല്യയെ ബ്രിട്ടണ്‍ ഇന്ത്യക്ക് കൈമാറിയേക്കും


വായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറുമെന്ന് ബ്രിട്ടന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണം നേരിടുന്നതിന് മല്ല്യയെ തിരിച്ചെത്തിക്കണമെന്ന കോടതി നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.


ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം മല്ല്യയെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന എന്‍ഫോഴ്‌സമെന്റ് ഡയക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ച് മുംബൈ പ്രത്യേക കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം ബ്രിട്ടനോട് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ഇരുരാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയും നടത്തി.


ലളിത് മോദി, ടൈഗര്‍ മേമന്‍ തുടങ്ങിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ നികുതി വെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തപ്പെട്ടപ്പോഴാണ് ലളിത് മോദി ഇന്ത്യ വിട്ടത്. മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയാണ് ടൈഗര്‍ മേമന്‍. എന്നാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനത്തിലെത്തിയതായി ഇരുരാജ്യങ്ങളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.



Sharing is Caring