കനത്ത മഴയിലും കാറ്റിലും വടക്കു കിഴക്കന്‍ മലേഷ്യ വെള്ളത്തില്‍ മുങ്ങി. തെരംഗാനു,കെലന്തന്‍ മേഖലകളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴ അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മലേഷ്യയിലെ വടക്കുകിഴക്കന്‍ നഗരവും തായ്‌ലാന്‍ഡ് അതിര്‍ത്തിയുമായ രന്താ പഞ്ചാംഗില്‍ നിന്നും നിരവധി പേരാണ് പലായനം ചെയ്യുന്നത്.
വെള്ളപ്പൊക്കം മൂലം വിവിധയിടങ്ങളില്‍ കൃഷി നശിക്കുകയും കനത്ത നാശനഷ്ടം വിതക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സ്‌കൂളുകളെല്ലാം അടച്ചിരിക്കുകയാണ്.

ഇടിമിന്നലോടു കൂടിയ മഴയും കാറ്റും വരും ദിവസങ്ങളില്‍ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 50 കി.മി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും 3.5 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടകം 3500 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.













