മലയാള സിനിമയിലെ ചില നടന്മാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് അന്വേഷിക്കണം; ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്ന് ജഗദീഷ്

കൊച്ചി: മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്നും എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും നടന്‍ ജഗദീഷ്. അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് വ്യക്തമാക്കിയത്.
മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു. മുമ്ബത്തെ പോലെയല്ല, ഇപ്പോള്‍ മലയാള സിനിമയിലെ പ്രതിഫലം കോടികളായി കഴിഞ്ഞു. വരുമാനത്തിലും കവിഞ്ഞ സ്വത്തുക്കളുള്ള അനേകം നടന്മാരുണ്ട്്. ഇപ്പോള്‍ താന്‍ അത് പറഞ്ഞാല്‍ അസൂയ കൊണ്ട് പറയുകയാണെന്ന് കരുതും. അതുകൊണ്ട് തന്റേത് ഉള്‍പ്പെടെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരം അന്വേഷിക്കേണ്ടതുണ്ട്.
യുവനടിയുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ ഒരു കമന്റും നടത്തരുതെന്ന അസോസിയേഷന്‍ നേരത്തേ തീരുമാനം എടുത്തിരുന്നു. ഹൈവേയില്‍ കാളവണ്ടിയില്‍ ഓടുന്നയാളാണ് താന്‍. സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ തനിക്ക് താല്‍പ്പര്യമില്ല. സത്യം അന്വേഷിക്കാനോ പുറത്തു കൊണ്ടുവരാനോ കഴിയാത്തതില്‍ താന്‍ മാധ്യമങ്ങളെയേ കുറ്റപ്പെടുത്തു എന്നും ജഗദീഷ് പറഞ്ഞു.
സിനിമാ വ്യവസായത്തെക്കുറിച്ച്‌ മന്ത്രി ജി സുധാകരന്‍ പറഞ്ഞത് ശരിയാണ്. സിനിമാ വ്യവസായത്തിലെ നിഗൂഡവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവിലെ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളെന്ന് വെള്ളിയാഴ്ച സുധാകരന്‍ പറഞ്ഞിരുന്നു. ഇത് മലയാള സിനിമാ മേഖലയിലെ ഒരു അന്വേഷണ പരമ്ബരകള്‍ക്ക് പഴുതായി മാറണം. ചില നടീനടന്മാരുടെ വന്‍ സ്വത്തിന് പിന്നിലെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം നേടിയതാണോ? എന്നതെല്ലാം അന്വേഷിക്കണമെന്നും താരം പറഞ്ഞു.
അതിനൊപ്പം സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന വാദവും ജഗദീഷ് തള്ളി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ വേദനയില്‍ നിന്നുമാണ് വുമണ്‍ കളക്ടീവ് രൂപമെടുത്തത്. വ്യവസായത്തില്‍ ഒട്ടേറെ സഹിച്ചു കഴിഞ്ഞവര്‍ ഒടുവില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയെന്നേയുള്ളെന്നും ജഗദീഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *