മലപ്പുറത്ത് ബാങ്കിലടയ്ക്കാന്‍ സ്ത്രീ കൊണ്ടുവന്നത് 37,000 രൂപയുടെ കള്ളനോട്ട്


കൊണ്ടോട്ടിയില്‍ വന്‍ കള്ളനോട്ടു വേട്ട. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 37,000 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്ക് അധികൃതര്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുകര സ്വദേശിനി കെ.യു. മറിയുമ്മ (65)യുടെ കയ്യില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനുശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ കള്ളനോട്ട് പിടികൂടുന്നത്.
സ്വന്തം അക്കൗണ്ടില്‍ അടയ്ക്കാന്‍ 49,500 രൂപയുമായി കൊണ്ടോട്ടി എസ്ബിഐ ശാഖയിലെത്തിയതായിരുന്നു മറിയുമ്മ. പരിശോധനയില്‍ ആയിരം രൂപയുടെ 37 നോട്ടുകള്‍ വ്യാജനാണെന്നു തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ ചോദ്യം ചെയ്തു. മകന്റെ വീടുപണിക്കുള്ള പണമാണെന്നും ഗള്‍ഫിലുള്ള മകന്റെ നിര്‍ദേശപ്രകാരം ഒരു വ്യക്തി ഏല്‍പ്പിച്ചതാണ് ഇതെന്നുമാണ് മറിയുമ്മയുടെ മൊഴി.


ജോലിക്കാര്‍ക്കു കൂലി നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണം വേണ്ടി വന്നതോടെ കയ്യിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കില്‍ അടച്ച്‌ മാറ്റിയെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ വ്യാജനാണെന്നു തിരിച്ചറിഞ്ഞത്. മറിയുമ്മയ്ക്കു പണം കൈമാറി എന്നു പറയപ്പെടുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.




Sharing is Caring