തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി കച്ചകെട്ടി കോണ്‍ഗ്രസ്. പ്രചരണങ്ങള്‍ക്ക് കരുത്തേകാന്‍ ഈ മാസമവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലെ പാര്‍ട്ടി റാലിക്കെത്തും.
24 ആണ് റാലി നിര്‍ദേശിച്ചിരിക്കുന്ന തീയതി. ഈ റാലി തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായും കരുതാമെന്നു കോണ്‍ഗസ് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെയാണു കെപിസിസി പ്രസിഡന്റിന്റെ കേരള പര്യടനം. എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നാളെ മുതല്‍ 16 വരെ ജില്ലകളില്‍ സംഘടനാ പ്രവര്‍ത്തനം വിലയിരുത്തും.
ഒന്‍പതിന് കെപിസിസി നിര്‍വാഹക സമിതി ചേരും. 16 ന് തിരുവനന്തപുരത്തും 17 ന് തൃശൂരിലും 18 ന് കണ്ണൂരിലും ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും മേഖലായോഗങ്ങള്‍ ചേരും.













