മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്നാക്ഷേപിച്ച് മന്ത്രി കടകംപള്ളി


തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ഇടതുപക്ഷത്തു നിന്ന് മലപ്പുറത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ തുടരുന്നു. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.


ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറത്ത് വിജയിക്കുമെന്ന അമിത പ്രതീക്ഷ എല്‍.ഡി.എഫിന് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിനു മുന്‍പായി ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫിസിനു നേരെ നടത്തിയ സമരവും തുടര്‍ന്നുണ്ടായ സംഭവവും പരിതാപകരമായ അവസ്ഥ സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.


തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ, മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണം നടന്നുവെന്ന തരത്തിലാണ് സി.പി.എം നേതാക്കളും ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതികരണം നടത്തിയത്.

തീവ്രവര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് ജയിച്ചതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ ഇന്നലെ ആരോപിച്ചിരുന്നു. വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വര്‍ഗീയത പ്രചരിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറം വര്‍ഗീയത പ്രചരിപ്പിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും എം.ബി ഫൈസല്‍ പറഞ്ഞിരുന്നു.



Sharing is Caring