മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ വോട്ടറായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97 ാം നമ്ബര്‍ ബൂത്തില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ടു ചെയ്തു.

13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 1175 ബൂത്തുകളാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

മൊത്തം ഒന്‍പത് സ്ഥാനാര്‍ഥികളുണ്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളെക്കൂടാതെ ആറുപേര്‍. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാഭരണകൂടം അറിയിച്ചു. 1,760 വോട്ടിങ് യന്ത്രങ്ങളുണ്ടാകും. 3,525 പോളിങ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി 2,500 അര്‍ധസൈനികരെ വിന്യസിച്ചു.

തിരഞ്ഞെടുപ്പ് ഗോദയില്‍ സാധാരണ മുഴങ്ങാറുള്ള വ്യക്തിത്വവിചാരണകളോ മണ്ഡലത്തിലെ വികസന പ്രശ്നങ്ങളോ ഒന്നുംതന്നെ മുന്നണി നേതാക്കളുടെ ഉറക്കംകെടുത്തിയില്ല. എന്നാല്‍ പലതരം വാഗ്വാദങ്ങളുണ്ടായി. തിരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്നുതുടങ്ങി ബി.ജെ.പി.യിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കടത്തുവരെ വിഷയമായി. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ മൂന്ന് മുന്നണികളിലും ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാദമുണ്ട്- നിലവിലുള്ള ഭൂരിപക്ഷം വര്‍ധിക്കും. ഈ അവകാശവാദങ്ങളുടെ അടിസ്ഥാനം 2014-ലെ തിരഞ്ഞെടുപ്പുഫലമാണ്. ഇ. അഹമ്മദ് മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,94,739ആണ്. പി.കെ. കുഞ്ഞാലിക്കുട്ടിയെ ഗോദയിലിറക്കാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചത് ഇതുതന്നെ. ആ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. സൈനബ 2,42,984 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് 64,705 വോട്ടും നേടിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് കണക്കുകള്‍ നിരത്തിപ്പറയുന്നു യു.ഡി.എഫ്. എന്നാല്‍ മൂന്നുവര്‍ഷം മുമ്ബത്തെ അവസ്ഥയല്ല ഇന്നു മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളതെന്നാണ് ഇടതുമുന്നണിയുടെ അഭിപ്രായം. എന്‍. ശ്രീപ്രകാശിനെ രണ്ടാംവട്ടവും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ പുതുശക്തിപ്രകടനമാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭൂരിപക്ഷ കണക്കില്‍നിന്ന് വ്യത്യസ്തമാണ് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുഫലം. യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,18,696 ആയി കുറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തിലുണ്ടായ പുതിയ വോട്ടര്‍മാരുടെ എണ്ണം 1,14,975 ആണ്. ഈ വോട്ടുകളില്‍ മൂന്ന് മുന്നണികളും പ്രതീക്ഷവെച്ചുപുലര്‍ത്തുന്നു. നിയമസഭാ മണ്ഡലങ്ങളായ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവയില്‍ വിജയിച്ചുകയറിയതു മുഴുവനും മുസ്ലിംലീഗ് സ്ഥാനാര്‍ഥികളാണ്. യു.ഡി.എഫിന്റെ കരുത്തും ഇതുതന്നെയെന്ന് അവര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, എന്നീ കക്ഷികള്‍ ഈ തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ട സമീപനം തിരഞ്ഞെടുപ്പ് രംഗത്ത് വിവാദമുയര്‍ത്തി. 47,853 വോട്ട് ലഭിച്ച എസ്.ഡി.പി.ഐ. ഇത്തവണ മനഃസാക്ഷിക്കനുസരിച്ച്‌ വോട്ടുചെയ്യാന്‍ പറഞ്ഞപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആരേയും പിന്തുണക്കില്ലെന്നുതീരുമാനിച്ചു. പി.ഡി.പി. ആകട്ടെ ഇടുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നറിയിച്ചുവെങ്കിലും തങ്ങള്‍ വോട്ട് തേടിയിട്ടില്ലെന്ന് എല്‍.ഡി.എഫ്. വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *