മരട് ഫ്ലാറ്റ് കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടി തുടങ്ങി;ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി മരവിപ്പിച്ചു

കൊച്ചി: മരട് കേസില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നടപടി തുടങ്ങി. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിയിലെ പരാമര്‍ശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ തുടങ്ങിയത്.

ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോളി ഫെയ്‍ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‍സ്, ആല്‍ഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും ഇതിനു ശേഷം സ്വത്ത് കണ്ടുകെട്ടി, ഇതില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്തയോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.ഗോള്‍ഡന്‍ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ആരും ഗ്രൂപ്പിനെതിരെ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടി. അറസ്റ്റിലായ ഫ്ലാറ്റ് നിര്‍മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *