മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഈ സമയം മറ്റ് ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസിലൂടെ സിനിമ വ്യവസായത്തെ ഉണർത്താൻ ശ്രമം.
നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്.

അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *