തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കോളേജില്‍ നടന്ന വികസന സെമിനാറിനിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.
സെമിനാറില്‍ പങ്കെടുക്കാനായി സ്കൂളിന് പുറത്തെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്കൂളിനകത്തും മന്ത്രിക്ക് നേരെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തി. ഇത് പ്രതിരോധിക്കാന്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേജിലേക്ക് കയറി പ്രതിഷേധിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് നീക്കിയതോടെ സംഘര്‍ഷത്തിന് അയവുണ്ടായി.













