മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ചണ്ഡീഗഡ് : ഭൂരിപക്ഷവുമായി ബന്ധപ്പെട്ട അവ്യക്തത നിലനില്‍ക്കെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസും ജെ.ജെ.പിയും സ്വതന്ത്രരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തിനു വേണ്ടി ശിവസേനയുമായുള്ള ബി.ജെ.പിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ 9 വിമതരില്‍ ഹരിയാനാ ലോക്ഹിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ടെയും കോണ്‍ഗ്രസ് വിമതന്‍ രഞ്ജിത് സിംഗും ബി.ജെ.പിക്ക് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്രരില്‍ നിന്നും നാല് പേരെ കൂടി ലഭിച്ചാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാനാവും. സാംഗ്‌വാന്‍ എന്നൊരു സ്വതന്ത്ര എം.എല്‍.എ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭ ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ അവസാനിച്ചു തുടങ്ങി. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി 10 അംഗങ്ങളുണ്ടെങ്കിലും അവര്‍ ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്വതന്ത്രര്‍ ബി.ജെ.പിയോടൊപ്പം നിന്നാല്‍ ജെ.ജെ.പിയുടെ വില പേശല്‍ സാധ്യത ഇല്ലാതാകും. സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാനുളള ബി.ജെ.പിയുടെ നീക്കം തക്കസമയത്ത് പ്രഖ്യാപിക്കാനായതോടെ ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് വ്യക്തമാകുന്നത്.

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷമുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *