മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നു


ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മേല്‍ക്കൈ.ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ബിജെപി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രിനും ബിജെപിയ്ക്കും ഒരേസമയം അഭിമാന പോരാട്ടം കൂടിയാണ് മധ്യപ്രദേശ് ഫലങ്ങള്‍.


മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വലിയരീതിയിലുള്ള പ്രചരണമാണ് ബിജെപി കാഴ്ചവെച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കിയത്. 15 വര്‍ഷമായി ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ഇത് അഭിമാനപോരാട്ടമാണ്.


ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാര്‍ഡുകളില്‍ 61 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകളാണ് നേടാനായത്.



Sharing is Caring