മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച്‌ തുപ്പും, കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ല: വെള്ളാപ്പള്ളി


ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച്‌ തുപ്പുമെന്നും കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. ആചാര സംരക്ഷണമല്ല അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.


ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ മതിലായിരിക്കും ഇന്ന് നടക്കുക. ഇന്നും പിന്നാക്കക്കാരന് അമ്ബലങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. ശബരിമലയില്‍ പല അവകാശങ്ങളും പിന്നാക്കക്കാരന് നഷ്‌ടമായി. അമ്ബലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുമ്ബോള്‍ ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എന്‍.എസ്.എസിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ ഭരണകൂടം നടത്തുന്ന പരിപാടിയില്‍ നിന്നും ചിലര്‍ മാത്രം മാറിനിന്നത് ശരിയായില്ല.


കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച്‌ നടക്കുകയാണ് ഇവര്‍.

ഏതോ ദൂഷിത വലയത്തിലാണ് ജി.സുകുമാരന്‍ നായരെന്നും അദ്ദേഹം തുറന്നടിച്ചു.



Sharing is Caring