മണ്ഡലപൂജ ഉത്സവം: ആരോഗ്യവകുപ്പ്‌ നിർദേശങ്ങൾക്ക്‌ മുൻഗണന

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കാണ് ഈ വർഷത്തെ ശബരിമല തീർഥാടനത്തിൽ മുന്തിയ പരിഗണന നൽകുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി എസ് തിരുമേനി. മണ്ഡല പൂജാ ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് സന്നിധാനത്തെത്തിയതായിരുന്നു കമീഷണർ. കോവിഡ് സുരക്ഷയുടെ ഭാഗമായി മണ്ഡലപൂജക്ക്‌ ശേഷം ആർടിപിസിആർ ടെസ്റ്റ് നടത്തിയ തീർഥാടകരെയും ജീവനക്കാരെയും മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം നടപ്പാക്കും.

വെർച്ച്വൽ ക്യൂ ബുക്കിങ്‌ വഴി മാത്രമാണ് ദർശനാനുമതി നൽകുന്നത്. ഇത്തരത്തിൽ എത്തുന്ന എല്ലാവർക്കും ദർശനത്തിന് വിപുലമായ സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല.
പുലർച്ചെ നാലിന് പമ്പയിൽ നിന്നും ആദ്യ തീർഥാടക സംഘത്തിന് സന്നിധാനത്തേക്ക് പുറപ്പെടാൻ അനുമതി നൽകും. രാവിലെ അഞ്ച് മുതൽ രാത്രി 8.40ന് ഹരിവരാസന സമയം വരെ മാത്രമാണ് ദർശനാനുമതിയുള്ളത്. എല്ലാ ദിവസവും അവസാനം മലയിറങ്ങുന്നവർക്ക് സന്നിധാനം മുതൽ പമ്പ വരെ പൊലീസിന്റെയും വനം വകുപ്പിന്റെയും സുരക്ഷാ അകമ്പടിയുണ്ടാവും.

ശബരിമലയിൽ സേവനത്തിനെത്തുന്ന എല്ലാ വിഭാഗം ജീവനക്കാരെയും നിർബന്ധിതമായി കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. മണ്ഡല പൂജാ മഹോത്സവത്തിനായി 22 ന് തങ്ക അങ്കി ഘോഷയാത്ര ആറൻമുളയിൽ നിന്ന് പുറപ്പെടും. 25 ന് സന്നിധാനത്ത് എത്തും. 26നാണ് മണ്ഡലപൂജ ഉത്സവം. 41 ദിവസത്തെ മണ്ഡല കാലം പൂർത്തിയാക്കി നട അടച്ച് കഴിഞ്ഞാൽ 30നാണ് തുറക്കുകയെന്നും കമീഷണർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *