മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ വിജയം . 28 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും വിജയിച്ചു. എഴന്നൂര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു .രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.20 വര്‍ഷമായി ഇടതുമുന്നണി ഭരിക്കുന്ന നഗരസഭ അഞ്ചാം തവണയും എല്‍ ഡി എഫ് നിലനിര്‍ത്തി. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല .
നെല്ലൂന്നി വാര്‍ഡില്‍ സിപിഐ എമ്മിലെ അനിതാ വേണു 476 വോട്ടിന് വിജയിച്ചു.കാര വാര്‍ഡില്‍ സിപിഐ എമ്മിലെ കെ ബാലകൃഷ്ണന്‍ 310 വോട്ടിന് വിജയിച്ചു . പെരിഞ്ചേരിയില്‍ 113 വോട്ടിന് എം മനോജ് കുമാര്‍(സിപിഐ എം) വിജയിച്ചു. ഇല്ലംഭാഗം വാര്‍ഡില്‍ കെ കെ രവീന്ദ്രന്‍ (സിപിഐ എം) വിജയിച്ചു. വാര്‍ഡ് അഞ്ച് ആണിക്കരിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ മജീദ് വിജയിച്ചു.

ഏളന്നൂരില്‍ ബിന്ദു പറമ്പന്‍ (സിപിഐ എം) 113 വോട്ടിന് വിജയിച്ചു. മലയ്ക്കുതാഴെ വാര്‍ഡില്‍ എം ഗംഗാധരന്‍ (സിപിഐ എം) വിജയിച്ചു. എയര്‍പോര്‍ട്ട് വാര്‍ഡില്‍
പി പുരുഷോത്തമന്‍ (സിപിഐ എം) വിജയിച്ചു.
പൊറോറയില്‍ സി വി ശശീന്ദ്രന്‍ (സിഎംപി) 209 വോട്ടിന് വിജയിച്ചു. കളറോഡ് വാര്‍ഡില്‍ പി. റീത്ത (സിപിഐ എം) 53 വോട്ടിന് വിജയിച്ചു. കല്ലൂര്‍ വാര്‍ഡില്‍ എന്‍ പി സുജാത (സിപിഐ എം) 32 വോട്ടിന് വിജയിച്ചു. പെരുവയല്‍ക്കരിയില്‍ വി കെ സുഗതന്‍ (സിപിഐ എം) 190 വോട്ടിന് വിജയിച്ചു. മുണ്ടയോട് വാര്‍ഡില്‍ വി എന്‍ സത്യേന്ദ്രനാഥന്‍ (സിപിഐ എം) 98 വോട്ടിന് വിജയിച്ചു. കോളാരിയില്‍ വി പി ഇസ്മായില്‍ (സിപിഐ എം) 70 വോട്ടിന് വിജയിച്ചു.
35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മിനി നഗര്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്. വോട്ടെണ്ണല്‍ കേന്ദ്രമായ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസരത്തും വന്‍സുരക്ഷ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. എല്‍ഡിഎഫില്‍ സിപിഐ എം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് 25, മുസ്ളിംലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.













