‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നല്‍കിയവരെ കരുതികൂട്ടി ചതിച്ചുവെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ സിനിമയ്ക്ക് ചെലവായി. ഇതിന്‍റെ ഇരുപതിരട്ടിയാണ് നിര്‍മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. മൊത്തം കളക്ഷനിൽ നിന്നുള്ള നിർമാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ മാസത്തില്‍ തന്നെ ലഭിച്ചു. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹ സാമ്പത്തികയിടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് കേസിൽ ഇസിഐആർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് രജിസ്റ്റർ ചെയ്തത്. നേരത്തെ നിർമാതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *