മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ്; അനിശ്ചിതത്വം നീങ്ങി

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനിശ്ചിതത്വം നീങ്ങി. മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന് മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്‌സിജന്‍ വേര്‍ത്തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ലാന്റാണ് മഞ്ചേരിയിലേക്ക് അനുവദിച്ചത്.

ദേശീയ പാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചു. എന്നാല്‍ പ്ലാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആദ്യ പട്ടികയില്‍ ജില്ല ഉള്‍പ്പെടാതെ പോയതോടെ നിര്‍മാണം വഴി മുട്ടി. തുടര്‍ന്ന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് പദ്ധതിക്ക് വീണ്ടും വഴിയൊരുങ്ങിയത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) തദ്ദേശീയമായി വികസിപ്പിച്ച ആയിരം ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ജനറേറ്റര്‍ പ്ലാന്റ് ആണ് ഹൈദരാബാദില്‍ നിന്ന് എത്തിക്കുക. ഒരു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 4000 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ നിറക്കുന്ന രണ്ട് ടാങ്കുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇത് 10000 ലിറ്ററാക്കി ഉയര്‍ത്തുന്നതിനായി പുതിയ ടാങ്കും സ്ഥാപിച്ചു. 350 അടി നീളമുള്ള ടാങ്ക് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് സ്ഥാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *