മലപ്പുറം : വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദേവികയുടെ മൃതദേഹം വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും പണമില്ലാത്തതിനാല്‍ കേടായ ടി വി നന്നാക്കാന്‍ കഴിയാതിരുന്നതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല.













