ഭാരതാംബ വിവാദം; വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച്; പരസ്പരം കൂകിവിളിച്ച് ബിജെപി-സിപിഐഎം പ്രവർത്തകർ


ഭാരതാംബ വിവാദത്തിൽ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ബിജെപി. മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഭാരതാംബയെ അവഹേളിച്ച മന്ത്രി രാജിവെയ്ക്കണമെന്നാണ് ഇവരുയർത്തിയ ആവശ്യം. മന്ത്രിയുടെ ഓഫീസിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി പുഷ്പാർച്ചന നടത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെത്തുർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.


നിയമസഭയെ അടിച്ച് തകർച്ച ആളാണ് ശിവൻകുട്ടിയെന്നും ശിവൻകുട്ടിയെ പ്രോട്ടോകോൾ പഠിപ്പിക്കണമെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി പറഞ്ഞു. അഞ്ചു വർഷം പുറത്തിരുന്നു. ശിവൻകുട്ടിയെ അകത്ത് കയറ്റിയവരെ വേണം പറയാൻ. ശിവൻകുട്ടിയെ പാർട്ടി ക്ലാസിൽ പ്രോട്ടോകോൾ പഠിപ്പിക്കണം. എന്നിട്ട് മതി ഗവർണർ എന്ത് എന്ന് പഠിപ്പിക്കുന്നത്. ശിവൻകുട്ടി സ്ത്രീത്വത്തെ അവഹേളിച്ചു. സിപിഐഎം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണ്. രാജ്ഭവനിൽ നടന്നത് ആസൂത്രിത നീക്കമാണെന്നും പാപ്പനംകോട് സജി ആരോപിച്ചു. ഭാരത മാതാവിനെ അവഹേളിക്കുന്നത് വഴി അപമാനിക്കപ്പെടുന്നത് ഭാരതമാണ്. മുഖ്യമന്ത്രി മന്ത്രിമാരെ അഴിച്ചുവിട്ടിരിക്കുകയാണ്. മുങ്ങും മുമ്പ് കുറച്ചു പണം വാരാനാണ് ശ്രമം. ജൽപനകൾ അവസാനിപ്പിച്ചില്ലെങ്കിൽ നേമത്ത് നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതിനിടെ വി ശിവൻകുട്ടിയുടെ ഓഫീസിൽ നിന്ന് സിപിഐഎം പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. ബിജെപി പ്രവർത്തകർ പാപ്പനംകോട്-നാഗർകോവിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകർ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ശിവൻകുട്ടിക്ക് അഭിവാദ്യങ്ങൾ എന്ന കൂറ്റൻ ഫ്ലക്സ് സിപിഐഎം പ്രവർത്തകർ ഉയർത്തി. ഒരു വർഗീയവാദികൾക്ക് മുന്നിലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ശിവൻകുട്ടി കേരളത്തിന്റെ അഭിമാനമെന്നും ഫ്ലക്സിൽ വ്യക്തമാക്കുന്നു. ഫ്ലക്സിന് നേരെ ബിജെപി പ്രവർത്തകർ കൂകി വിളിച്ചു. ഭാരതാംബയുടെ ചിത്രം ബിജെപി പ്രവർത്തകർ ഉയർത്തിയതോടെ അതിനെതിരെ സിപിഐഎം പ്രവർത്തകരും കൂകി വിളിച്ചു. പിന്നാലെ ബിജെപി പ്രവർത്തകർ മടങ്ങി.



Sharing is Caring