മഞ്ജു വാര്യര്‍ - സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്‍നോ – ഹൊറര്‍ സിനിമയാണിത്.
മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്‍റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ് അധ്യാപകനായ ക്ലെമെന്‍റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്‍റെ തുടര്‍ച്ചയായി ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
ഈ മൂന്ന് മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ ആരാണെന്നത് സസ്പെന്‍സ് ആണ്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിരയുള്ള ചിത്രത്തില്‍ അതാരുമാകാം. സിനിമ ഇറങ്ങുന്നതു വരെ എല്ലാം സസ്‍പെന്‍സ് ആയി ഇരിക്കട്ടെ എന്നാണ് അണിയറക്കാര്‍ പറയുന്നത്.













