ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ദല്‍ഹിക്കെതിരെ


കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ദല്‍ഹി ഡൈനാമോസ്.


ദല്‍ഹി മുന്നേറ്റവും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും തോറ്റിട്ടില്ലെന്ന പെരുമയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. രണ്ടെണ്ണം വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.


മൂന്നാം സീസണില്‍ കളിച്ച ഏഴ് കളികളില്‍ രണ്ട് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 9 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ ആറാമത്. 7 കളികളില്‍ നിന്ന് 10 പോയിന്റുമായി ഡൈനാമോസ് മൂന്നാമത്. ഇന്ന് ഡൈനാമോസ് ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരും. മറിച്ച് ബ്ലാസ്‌റ്റേഴ്‌സാണ് ജയിക്കുന്നതെങ്കില്‍ 12 പോയിന്റുമായി ആദ്യ സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഒപ്പമെത്തും.

ടീം തോല്‍ക്കുന്നില്ലെങ്കിലും മികച്ചൊരു ഷൂട്ടറുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കൊപ്പലിന് തലവേദനയുണ്ടാക്കുന്നത്. ഇതുവരെ കളിച്ച 7 കളികളില്‍ നിന്ന് 4 ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് നാലെണ്ണം വഴങ്ങുകയും ചെയ്തു. മൈക്കല്‍ ചോപ്ര, മുഹമ്മദ് റാഫി, ബെല്‍ഫോര്‍ട്ട്, തുടങ്ങിയവര്‍ മികച്ച താരങ്ങളാണെങ്കിലും ഗോളടിക്കാന്‍ കഴിയുന്നില്ല. പോസ്റ്റിന് മുന്നിലെത്തുമ്പോള്‍ ലക്ഷ്യം പിഴയ്ക്കുന്നതാണ് കഴിഞ്ഞ കളികളില്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് ഒരു മാറ്റമാണ് കോച്ച് ആഗ്രഹിക്കുന്നത്.

ഇരുടീമുകളും ഈ സീസണില്‍ അടക്കം അഞ്ചുതവണ ഏറ്റുമുട്ടി. ഇതില്‍ രണ്ടു ടീമുകളും ഓരോ തവണ വീതം ജയിച്ചു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ആയിരുന്നു ദല്‍ഹിയുടെ ജയം. കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണില്‍ ഡല്‍ഹിയിലും. രണ്ടും 1-0 മാര്‍ജിനില്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളം 3-3നു സമനിലയില്‍ പിരിയുകയായിരുന്നു.



Sharing is Caring