ബുണ്ടസ് ലിഗ: ഇരട്ട ഗോളടിച്ച് ലെവന്‍ഡോവ്‌സ്‌കിയും ഹാലാന്‍ഡും

ബയേണ്‍ മ്യൂണിച്ചിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ബൊറൂസിയ ഡോട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലാന്‍ഡും ബുണ്ടസ് ലിഗയില്‍ ഗോളടി തുടരുന്നു. ഇരുവരും ഇരട്ട ഗോളുകള്‍ നേടിയ മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് ഫ്രെയ്ബര്‍ഗിനേയും ഡോട്ട്മുണ്ട് 2-0ത്തിന് മൂന്നാം സ്ഥാനക്കാരായ ആര്‍.ബി ലെയ്പ്‌സിഗിനേയും തോല്‍പിച്ചു.

ജയത്തോടെ ഡോട്ട്മുണ്ട് രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 33 കളികളില്‍ നിന്നും ഡോട്ട്മുണ്ടിന് 69 പോയിന്റും അത്ര തന്നെ കളികളില്‍ നിന്നും മൂന്നാമതുള്ള ലെയ്പ്‌സിഗിന് 63 പോയിന്റുമാണുള്ളത്. 79 പോയിന്റുമായി ഒന്നാമതുള്ള ബയേണ്‍ മ്യൂണിച്ച് നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.നോര്‍വീജിയന്‍ യുവതാരം ഹാലാന്‍ഡ് മിന്നും ഫോം തുടരുകയാണ്. ബുണ്ടസ് ലിഗയില്‍ സീസണില്‍ കളിച്ച 14 കളികളില്‍ 13 ഗോളുകളാണ് ഹാലാന്‍ഡ് നേടിയത്. കളത്തിലുള്ള ഓരോ 75 മിനുറ്റിലും ഹാലാന്‍ഡ് എതിര്‍ടീമിന്റെ വല കുലുക്കുന്നുണ്ട്.

മറുവശത്ത് ബയേണ്‍ മ്യൂണിച്ചിന്റെ ഗോളടിയന്ത്രമാണ് ലെവന്‍ഡോവ്‌സ്‌കി. സീസണില്‍ ബുണ്ടസ് ലിഗയില്‍ ഇതുവരെ 33 ഗോളുകളാണ് പോളിഷ് സ്‌ട്രൈക്കര്‍ അടിച്ചുകൂട്ടിയത്. മറ്റു മത്സരങ്ങള്‍ കൂടിയെടുത്താല്‍ സീസണിലെ അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം 47 ആയി കുതിക്കും. ബുണ്ടസ് ലിഗയിലെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വിദേശ കളിക്കാരനെന്ന റെക്കോഡ് ഇതിനകം തന്നെ ലെവന്‍ഡോവ്‌സ്‌കി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

അടുത്ത ശനിയാഴ്ച്ചയാണ് ബുണ്ടസ് ലിഗയിലെ അവസാന റൗണ്ട് മത്സരങ്ങള്‍. ബയേണ്‍ മ്യൂണിച്ച് വോള്‍വ്‌സ്ബര്‍ഗിനേയും ഡോട്ട്മുണ്ട് ഹൊഫെന്‍ഹെയ്മിനേയും നേരിടും. ജയിക്കാനായാല്‍ ഹൊഫെന്‍ഹെയ്മിന് യൂറോപ ലീഗില്‍ സ്ഥാനം ഉറപ്പിക്കാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *