ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഭിന്നതകള്‍ ഉടന്‍ പരിഹരിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഭിന്നതകള്‍ ഉടന്‍ പരിഹരിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ബി.ജെ.പിയിലെ ചേരിപ്പോര് ശക്തമാക്കി കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിക്കകത്ത് വിഭാഗീയത ശക്തമാകുന്ന സാഹചര്യവും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസും ബി.ജെ.പി ദേശീയ നേതൃത്വവും വിഷയത്തില്‍ ഇടപ്പെട്ടത്. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കെ സുരേന്ദ്രന് ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിഭാഗീയത തുടര്‍ന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. പുനഃസംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പരാതി. ഇവരുള്‍പ്പെടയുള്ള നേതാക്കളെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്താനും ആര്‍.എസ്.എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *