ബി.ജെ.പിയില്‍ പൊട്ടിത്തെറി; യോഗി ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

ഗൊരഖ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി രംഗത്ത്. വകുപ്പുകളുടെ ആധിക്യം മൂലം മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബാബ രാഘവദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.

മുതിര്‍ന്ന നേതാവ് ഓം മാഥൂര്‍ വഴി മൗര്യ ഇക്കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ആഭ്യന്തരവും വിജിലന്‍സും അടക്കം 36 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. മൗര്യയും യോഗിയും ആഭ്യന്തരവകുപ്പിനായി സര്‍ക്കാര്‍ രൂപീകരണ ശേഷം വടംവലി നടത്തിയിരുന്നു.

ഗൊരഖ്പൂര്‍ എം.പി ആയിരുന്ന മുഖ്യമന്ത്രിക്ക് വിഷയം പക്വതയോടെ കൈകാര്യം ചെയ്യാനായില്ലെന്നും വിമര്‍ശനമുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *