ബാലണ്‍ ഡി ഓർ പുരസ്‌കാര സാധ്യതാ പട്ടികയില്‍ നിന്ന് മെസിയും റൊണാള്‍ഡോയും പുറത്ത്


ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓർ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിട്ടു. 30 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.റയല്‍ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പേ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാലൻഡ്, റോഡ്രി, ബാഴ്സലോണയുടെ സ്പാനിഷ് യുവ താരം ലാമിൻ യമാല്‍, ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, അർജന്‍റീനയുടെ ലൗതാരോ മാർട്ടിനെസ്, എമി മാർട്ടിനെസ് എന്നിവർ പട്ടികയിലുണ്ട്.


സൂപ്പർ താരങ്ങളായ ലിയോണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പട്ടികയില്‍ ഇടമില്ല. 2003 മുതല്‍ ഇതുവരെ ഇതാദ്യമായാണ് ഇരുവരും ഇല്ലാതെ ബാലണ്‍ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിടുന്നത്. മികച്ച ഗോള്‍ കീപ്പർക്കുള്ള പുരസ്കാരത്തിന് അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസ്, റയല്‍ മാഡ്രിഡിന്‍റെ ആന്ദ്രേ ലുനിൻ, പിഎസ് ജി യുടെ ഇറ്റാലിയൻ ഗോള്‍ കീപ്പർ ഡോണരുമ, ഡിഗോ കോസ്റ്റ, എന്നിവർ സാധ്യത പട്ടികയിലുണ്ട്.മികച്ച കോച്ചിനുള്ള പുരസ്കാരത്തിനും ഇത്തവണ വമ്ബൻ മത്സരമാണ്.


അർജന്‍റീനയുടെ ലിയോണല്‍ സ്കലോണി, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, റയല്‍ മാഡ്രിഡിന്‍റെ കാർലോ അഞ്ചലോട്ടി, ബയർ ലെവർക്യൂസന്‍റെ സാബി അലോൻസോ എന്നിവർ ലിസ്റ്റിലുണ്ട്. മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിന് സ്പാനിഷ് താരം ലാമിൻ യമാല്‍, അർജന്‍റീനയുടെ ഗർണാചോ, റയല്‍ മാഡ്രിഡിന്‍റെ തുർക്കിഷ് താരം അർദ്ര ഗുളർ എന്നിവരാണ് ലിസ്റ്റിലുള്ളത്. ഒക്‌ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.



Sharing is Caring