‘ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങളുടെ സങ്കടങ്ങള്‍ കൂടി കേള്‍ക്കണം’ 21 രക്തസാക്ഷി കുടുംബം; ഇന്ന് രാജ്ഭവന് മുന്നിലെത്തും

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്ബോള്‍ മറുപടിയായി രാജ് ഭവനു മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സത്യഗ്രഹം നടത്തും.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശനമാണ് ജെയ്റ്റ്ലിയുടെ പ്രധാന പരിപാടികളിലൊന്ന്. എന്നാല്‍ കേന്ദ്രമന്ത്രി തങ്ങളേയും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തുന്നത്.
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബി.ജെ.പി പ്രചരണം നടത്തവെയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തുന്നത്. വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രധാന്യമുണ്ട്.
രാവിലെ 11.15-ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ജയ്റ്റ്ലി 11.45-ന് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് ബസ്തികാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തില്‍ പ്രസംഗിക്കും. ശേഷം എട്ടുമാസം മുമ്ബ് നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ ഗുരുതര പരുക്കേറ്റ ആര്‍എസ്‌എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സിപിഎം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്ലി പങ്കെടുക്കും. നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *