ബന്ദിപുര്‍ യാത്രാ നിരോധനം:അനിശ്ചിതകാല നിരാഹാരസമരം ഒമ്ബതാംദിവസത്തിലേക്ക്

സുല്‍ത്താന്‍ബത്തേരി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്ബതാംദിവസത്തിലേക്ക് . ഒന്നരലക്ഷത്തിലധികംപേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്.

സമരത്തിന്റെ എട്ടാംദിവസമായ ബുധനാഴ്ച സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പള്ളിയറ രാമന്‍, കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ്, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് പണ്ഡിറ്റ്, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കള്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കള്‍ വ്യാഴാഴ്ച സമരപ്പന്തലിലെത്തുന്നുണ്ട്. വെള്ളിയാഴ്ച രാഹുല്‍ഗാന്ധിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതല്‍ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി-വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവര്‍ക്കുപിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ നാലുദിവസമായി ഉപവാസമനുഷ്ഠിച്ചുവരുകയാണ്.

ദേശീയപാതയില്‍ കൂട്ട ഉപവാസം

യുവജനസമരത്തിന് പിന്തുണയുമായി ദേശീയപാതയില്‍ കൂട്ട ഉപവാസമനുഷ്ഠിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നാടിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് ഉപവാസത്തില്‍ പങ്കെടുക്കാനെത്തിയത്. ഗാന്ധിജയന്തിദിനത്തില്‍ മഹാത്മാഗാന്ധിയുടെ സഹനസമരങ്ങളെ അനുസ്മരിച്ചാണ് സ്വതന്ത്രമൈതാനിയിലെ സമരപ്പന്തലിനുമുന്നിലെ ദേശീയപാതയില്‍ ഉപവാസം സംഘടിപ്പിച്ചത്. രാവിലെ ഒമ്ബതുമുതല്‍ വൈകീട്ട് മൂന്നുവരെ, ദേശീയപാതയ്ക്ക് കുറുകെ പന്തലിട്ട് കസേരകള്‍ നിരത്തിയിട്ടിരുന്നായിരുന്നു സമരം. സമരപ്പന്തലിനുള്ളിലൂടെ ഒരുവശത്തുനിന്നും പോലീസ് സ്റ്റേഷന്‍ റോഡിലൂടെ മറുഭാഗത്തുനിന്നും വാഹനങ്ങള്‍ കടത്തിവിട്ടതിനാല്‍ ഗതാഗതതടസ്സം ഒരുപരിധിവരെ കുറയ്ക്കാനായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *