ഫുട്‌ബോളിലെ എക്‌സ്ട്രാ ടൈമിനെതിരെ ആഞ്ഞടിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ കോച്ച്‌


ഫുട്‌ബോളിലെ എക്‌സ്ട്രാ ടൈം രീതിക്കെതിരെ ആഞ്ഞടിച്ച്‌ ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. സൂപ്പര്‍ കപ്പിലെ ജംഷഡ്പൂര്‍-മിനര്‍വ പഞ്ചാബ് എഫ്‌സി പോരാട്ടത്തിന് ശേഷമായിരുന്നു കോപ്പലിന്റെ പ്രതികരണം.


കളിയുടെ 90 മിനിട്ടിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എക്‌സ്ട്രാടൈമിലെ അര മണിക്കൂറും ഗോള്‍രഹിതം. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 14 പെനാല്‍റ്റി കിക്കുകള്‍ക്ക് ശേഷമാണ് ജംഷഡ്പൂര്‍, ഐ ലീഗ് ചാമ്ബ്യന്മാരായ മിനര്‍വ എഫ്‌സിയെ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് എക്‌സ്ട്രാ ടൈം രീതിക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ കോപ്പല്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ 90 മിനിട്ട് കളിക്ക് ശേഷം അര മണിക്കൂര്‍ എക്‌സ്ട്രാ ടൈം നല്‍കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നായിരുന്നു കോപ്പലിന്റെ പ്രതികരണം. ക്ഷീണിച്ച്‌ തളര്‍ന്ന താരങ്ങള്‍ ശരീരമനക്കാന്‍ പോലും തയ്യാറാകില്ലെന്നും കോപ്പല്‍ പറഞ്ഞു.


സീസണ്‍ അവസാനിക്കാറായ സമയമായതിനാല്‍ തന്നെ താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ചും കോപ്പല്‍ ആശങ്കയുയര്‍ത്തി. 90 മിനിട്ട് നീളുന്ന മത്സരത്തിന് ഫലം നിര്‍ണയിക്കാനായില്ലെങ്കില്‍ അധികസമയം ഒഴിവാക്കി നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുന്ന രീതി കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐലീഗിലെയും ക്ലബ്ബുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരക്കുന്നത്. പണമൊഴുകുന്ന ഐഎസ്‌എല്ലിലെ ക്ലബ്ബുകളൊന്നും സൂപ്പര്‍ കപ്പിനെ ഗൗരവമായി എടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോപ്പലിന്റെ പ്രതികരണം.



Sharing is Caring