ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകർ കാത്തിരിക്കുന്ന ‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാര പ്രഖ്യാപനം ഇന്ന് ദോഹയില്‍.അടുത്ത വർഷം ജനുവരിയിലെന്ന് അറിയിച്ച പുരസ്കാര പ്രഖ്യാപനം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ചൊവ്വാഴ്ച ദോഹയില്‍ നടത്താൻ ഫിഫ തീരുമാനിച്ചത്.
അന്താരാഷ്ട്ര-ക്ലബ് ഫുട്ബാള്‍ മത്സര ഷെഡ്യൂളിന്റെ തിരക്ക് കൂടി കണക്കിലെടുത്താണ് അവാർഡ് നൈറ്റില്ലാതെ ഓണ്‍ലൈൻ വഴി പുരസ്കാര പ്രഖ്യാപനം നടത്തുന്നത്.

ഖത്തർ വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന് തലേദിവസം ദോഹയിലെ ആസ്പയർ അക്കാദമിയിലാണ് പോയവർഷത്തെ മികച്ച താരങ്ങള്‍ക്കുള്ള ‘ഫിഫ ബെസ്റ്റ്’ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാള്‍ പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയുടെ 20ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് ലോക ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ദോഹയെ തേടിയെത്തുന്നത്. ഓണ്‍ലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്യും. ഗാല ഡിന്നറോടെ നടക്കുന്ന പരിപാടിയുടെ സമയം ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റയല്‍ മഡ്രിഡ്- മെക്സിക്കൻ ക്ലബായ പചൂക ഫിഫ ഇന്റർകോണ്ടിനെന്റല്‍ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ലോക ഫുട്ബാള്‍ താരങ്ങള്‍ എന്നിവർ ദോഹയിലെത്തിയിട്ടുണ്ട്.
നവംബർ അവാന വാരത്തില്‍ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചിരുന്നു. മികച്ച പുരുഷ-വനിത തരങ്ങള്‍, പുരുഷ-വനിത കോച്ച്, ഗോള്‍കീപ്പർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്.
ആരാധകർക്കുള്ള വോട്ട് ചെയ്യാനുള്ള അവസരം നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. വിവിധ ദേശീയ ടീമുകളുടെ നായകർ, പരിശീലകർ, തിരഞ്ഞെടുക്കപ്പെട്ട കായിക മാധ്യമ പ്രവർത്തകർ എന്നിവരുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. വോട്ടെടുപ്പ് ഡിസംബർ 10ഓടെ അവസാനിച്ചു.













