കോയമ്ബത്തൂര്‍ സ്ഫോടനക്കേസിലെ ഒന്നാം പ്രതി എസ്.എ. ബാഷ അന്തരിച്ചു


1998ലെ കോയമ്ബത്തൂർ ബോംബ് സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മയുടെ സ്ഥാപകൻ എസ് എ ബാഷ (84) അന്തരിച്ചു.


വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് കോയമ്ബത്തൂരിലെ പിഎസ്ജി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.മൂന്നു മാസങ്ങള്‍ക്ക് പരോളില്‍ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകന്റെ വസതിയിലേക്ക് കൊണ്ടുവന്നു.


കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മദ്രാസ് ഹൈക്കോടതി ബാഷയ്‌ക്ക് പരോള്‍ അനുവദിച്ചിരുന്നു.

1998 ഫെബ്രുവരി 14-ന് കോയമ്ബത്തൂരില്‍ 58 പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നു ബാഷ. ആർ.എസ്.പുരത്ത് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുൻപായിരുന്നു സ്ഫോടനം.

ആദ്യം കോയമ്ബത്തൂർ പോലീസ് കൈകാര്യം ചെയ്ത അന്വേഷണം സിബി-സിഐഡിയുടെ പ്രത്യേക അന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. കാലക്രമേണ, ബാഷ ഉള്‍പ്പെടെ 166 പ്രതികള്‍ അറസ്റ്റിലായി. നീണ്ട വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി 158 പേരെ കുറ്റക്കാരായി വിധിക്കുകയും അവരില്‍ 43 പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയില്‍ നിരവധി പേരാണ് ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയത്.

17 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച കോടതി, സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ വിട്ടയക്കുകയും 22 പേരെ വെറുതെ വിടുകയും ചെയ്തു. വിധിക്കെതിരെ 17 പേർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വാദം നടക്കുന്നതിനിടെ ഒരാള്‍ മരിച്ചു. തന്റെ ശിക്ഷാവിധിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് ബാഷ തീരുമാനിച്ചിരുന്നു.



Sharing is Caring