ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്‍ ലാറ്റിനമേരിക്കന്‍ ടീമായ വെനസ്വലയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. 1966ല്‍ ഇംഗ്ലണ്ട് സീനിയര്‍ ടീം ലോകകപ്പ് നേടിയ ശേഷം ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം രാജ്യാന്തര വേദിയില്‍ നേടുന്ന ആദ്യ കിരീടവും ആദ്യ അണ്ടര്‍ 20 ലോകകപ്പ് കിരീടവും കൂടിയാണിത്.
കളിയുടെ 35ാം മിനുട്ടില്‍ എവര്‍ട്ടന്‍ മുന്നേറ്റ താരം ഡൊമിനിക്ക് കാള്‍വെര്‍ട് ലെവിന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. സ്‌കോര്‍ സമനിലയിലെത്തിക്കാനുള്ള അവസരം വെനസ്വലയ്ക്ക് ലഭിച്ചിരുന്നു. അവര്‍ക്ക് അനുകൂലമായി വിധിച്ച പെനാല്‍റ്റി ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഫ്രഡ്ഡി വുഡ്മാന്‍ തടുത്തിട്ടതോടെ വെനസ്വലയുടെ ആ പ്രതീക്ഷ അവസാനിച്ചു. അഡല്‍ബെര്‍ടോ പെനരന്റയുടെ ഷോട്ടാണ് ഇംഗ്ലീഷ് ഗോളി തട്ടിയകറ്റിയത്. സെമിയില്‍ ഉറുഗ്വെയ്‌ക്കെതിരേ അവസാന നിമിഷം നേടിയ ഗോളില്‍ സമനില പിടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തിയ മികവ് ഫൈനല്‍ ആവര്‍ത്തിക്കാന്‍ വെനസ്വലയ്ക്ക് സാധിക്കാതെ പോയി.
പെനാല്‍റ്റിയിലേക്ക് നീണ്ട പോരാട്ടത്തില്‍ ഉറുഗ്വെയെ 4-1ന് വീഴ്ത്തി ഇറ്റലി മൂന്നാം സ്ഥാനം സ്വന്തമാക്കി. നിശ്ചിത സമയവും അധിക സമയവും ഗോള്‍രഹിതമായപ്പോള്‍ മത്സരം ഷൂട്ടൗട്ടിലാണ് നിര്‍ണയിക്കപ്പെട്ടത്. ഇറ്റലി നാല് ഗോളുകള്‍ക്ക് വലയിലാക്കിയപ്പോള്‍ ഉറുഗ്വെയുടെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യം കണ്ടത്.
ഏഴ് കളികളില്‍ നിന്ന് നാല് ഗോളുകള്‍ നേടി ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിന് ചുക്കാന്‍ പിടിച്ച ഡൊമിനിക്ക് സോളങ്കെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനായി. ഉറുഗ്വെയുടെ ഫെഡെറിക്കോ വല്‍വെര്‍ഡെ സില്‍വര്‍ ബോളിനും വെനസ്വലയുടെ യാംഗല്‍ ഹെരേര ബ്രോണ്‍സ് ബോളിനും അര്‍ഹനായി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഇറ്റലിയുടെ റിക്കാര്‍ഡോ ഒര്‍സോലിനിക്ക് ലഭിച്ചു. അമേരിക്കയുടെ ജോഷ്വ സര്‍ജന്റ് സില്‍വര്‍ ബൂട്ടും ഫ്രാന്‍സിന്റെ ജീന്‍ കെവിന്‍ അഗസ്റ്റിന്‍ ബ്രോണ്‍സ് ബൂട്ടും സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഇംഗ്ലണ്ടിന്റെ ഫ്രഡ്ഡി വുഡ്മാനാണ്. മെക്‌സിക്കന്‍ ടീമിനാണ് ഫയര്‍ പ്ലെ പുരസ്‌കാരം













