ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്ന് റെയില്‍വേയുടെ ‘വന്‍ ശ്രമദാനം’. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രാക്കുകളിലും നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു നിര്‍മാര്‍ജനം ചെയ്യാനാണു നിര്‍ദേശം. മന്ത്രി പീയൂഷ് ഗോയലിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണിതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാഘോഷിക്കാന് ബിജെപി സേവാ സപ്താഹം ആചരിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് എന്നു പറയാതെയാണ് റെയില്‍വേയുടെ നിര്‍ദേശം.ബോധവല്‍ക്കരണം നടത്താനും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. തുണിബാഗുകളുടെ വിതരണം, പ്ലാസ്റ്റിക്കിനു പകരം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിക്കണം. ഒക്ടോബര്‍ 2 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റെയില്‍വേ നിരോധിച്ചിട്ടുണ്ട്.














