ഒ എന്‍ വി കുറുപ്പിന്റെ സംസ്കാരം അദ്ദേഹംതന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തില്‍ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. ഞായറാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ വിജെടിഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും.
വിജെടി ഹാളില്‍ പ്രിയകവിക്ക് യാത്രാമൊഴി അര്‍പ്പിക്കാന്‍ രാഷ്ട്രീയ–സാമൂഹ്യ– സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും നാനാതുറയിലുള്ളവരും എത്തിക്കൊണ്ടിരിക്കുകയാണ്.

ഒഎന്‍വിയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച 11.30നു ശേഷമാണ് നിയമസഭ ചേരുക. ഒഎന്‍വിക്ക് അനുശോചനം രേഖപ്പെടുത്തി മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയുമെന്ന് സ്പീക്കര്‍ എന്‍ ശക്തന് അറിയിച്ചു. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 4.35ഓടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഒഎന്‍വി മരണപ്പെട്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം













