തിരുവനന്തപുരം: പ്രാദേശിക സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാതെ കഴുത്തു ഞെരിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമാണെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയത്. ടി സിദ്ദിഖ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഓരോ വര്‍ഷം കഴിയുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ കുറവ് വരികയാണ്. ട്രഷറിയില്‍ പണമിടപാട് നിര്‍ത്തിവെച്ച ശേഷമാണ് സര്‍ക്കാര്‍ പണം അനുവദിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രാദേശിക സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പലവിധത്തില്‍ ശ്രമിച്ചു. യഥാസമയത്ത് ഫണ്ട് നല്‍കിയില്ലെന്ന് ടി സിദ്ദിഖ് ആരോപിച്ചു. ഫണ്ട് പ്രഖ്യാപിച്ചാലും ട്രഷറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുക പോലും കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14 ശതമാനത്തിന്റെ കുറവ് വന്നു. തദ്ദേശസ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടകരമായ സാഹചര്യം നേരിടുന്നു. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പണം വാങ്ങുന്ന കറവപശുക്കളായി തദ്ദേശ സ്ഥാപനങ്ങള്‍ മാറിയെന്നും ടി സിദ്ദിഖ് ആരോപിച്ചു.













