കണ്ണൂര്‍: ഭീഷണിക്ക് മറുപടിയുമായി മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്‍-സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് വിമര്‍ശിച്ചു. ടി പി ചന്ദ്രശേഖരൻ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സിപിഐഎം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധം ആര്‍ക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതല്‍ പറയിപ്പിക്കരുത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയില്‍ നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്‌നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ, ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല’, പോസ്റ്റില്‍ മനു തോമസ് പറയുന്നു.

നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയും രംഗത്തെത്തിയിരുന്നു. മനു തോമസിന് അഭിവാദ്യം നേര്‍ന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആര്‍മിയെന്ന ഫെയ്‌സ്ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു റെഡ് ആര്‍മിയുടെ മുന്നറിയിപ്പ്.













